ദീപക്കിന്റെ മരണം: പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജനുവരി 21-ന് അറസ്റ്റിലായ ഷിംജിത 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.​കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മാസത്തിൽ രണ്ട് തവണ ഷിംജിത ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ എത്തണമെന്നാണ് വ്യവസ്ഥ. കൂടാതെ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളും ജാമ്യ ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.​പയ്യന്നൂരിലെ സ്വകാര്യ ബസിൽ വെച്ച് ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ട ദീപക്കിനെ ജനുവരി 18-ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീപക്കിന്റെ മരണത്തിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ദീപക്കിന്റെ കുടുംബം ആരോപിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.