നാഗ്പുരിൽ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വെടിമരുന്ന് നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. നാഗ്പുർ നഗരത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തെഹ്സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ 6:45-ഓടെ ഉണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും നിർമിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്. സ്ഫോടന സമയത്ത് ആറുമണിയുടെ ഷിഫ്റ്റിലായി 35 ഓളം തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തെത്തുടർന്ന് പ്ലാന്റിൽ പടർന്ന വലിയ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കാൻ ഫയർ ബ്രിഗേഡും പോലീസും സ്ഥലത്തെത്തി ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഉന്നത ഉദ്യോഗസ്ഥരായ ഐജി സന്ദീപ് പാട്ടീൽ, ജില്ലാ കളക്ടർ വിപിൻ ഇറ്റങ്കർ, റൂറൽ എസ്പി ഹർഷ് എ പോദ്ദാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ ഉടൻതന്നെ നാഗ്പുരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം തുടങ്ങിയതായി എസ്പി അറിയിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രാദേശിക ഭരണകൂടം സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.
