കർണാടകയിലെ കോളേജുകളിൽ സൗജന്യ എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും: സ്വകാര്യതയ്ക്ക് ക്യുആർ ആപ്പ്

കർണാടകയിലെ മുഴുവൻ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദ്ദേശപ്രകാരം വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണം നടത്തണമെന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിർദ്ദേശാനുസരണം, കോളേജുകളിൽ പ്രത്യേക ഹെൽത്ത് ക്യാമ്പുകൾ വഴിയാകും ഇവ സംഘടിപ്പിക്കുക. പദ്ധതിയുമായി സഹകരിക്കാൻ കോളേജ് പ്രിൻസിപ്പൽമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ ‘Know Your HIV Status’ എന്ന പേരിൽ ഒരു ക്യുആർ അധിഷ്ഠിത ആപ്പും തയ്യാറാക്കുന്നുണ്ട്.​

യുവജനങ്ങൾക്കിടയിൽ എച്ച്.ഐ.വി ബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കുകൾ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കർണാടകം. സംസ്ഥാനത്ത് ആകെ 2.6 ലക്ഷം എച്ച്.ഐ.വി ബാധിതരുള്ളതിൽ 54,000-ത്തോളം പേർക്ക് തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിവില്ല. 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000 രോഗബാധിതർ നിലവിൽ കർണാടകയിലുണ്ട്.​

18-നും 35-നും ഇടയിൽ പ്രായമുള്ളവരിൽ രോഗവ്യാപനം അതിവേഗം ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2023-24 കാലഘട്ടത്തിൽ ഈ പ്രായപരിധിയിൽ 44,500 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചപ്പോൾ 2025-26 ആയപ്പോഴേക്കും അത് 66,000 ആയി ഉയർന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പരിശോധന നടത്തുന്നതിലൂടെ രോഗം നേരത്തെ കണ്ടെത്താനും തുടർന്നുള്ള വ്യാപനവും രോഗതീവ്രതയും തടയാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.