ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങൾക്കിടെ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജിവെക്കില്ലെന്ന നിലപാട് തുടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതിയെ കുടുംബപ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പിലേക്ക് നീക്കുമ്പോഴും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്.
പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്ന സാഹചര്യത്തിൽ ആ സ്ത്രീപക്ഷ അവകാശവാദം വീണ്ടും ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിമർശനവും ഉയരുന്നു. വീട്ടിൽ കയ്യേറ്റമുണ്ടായെന്നാരോപിച്ച് മന്ത്രിയുടെ ഭാര്യ 112 നമ്പറിൽ പരാതി നൽകിയപ്പോൾ സ്ഥലത്തെത്തിയ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാതെയാണ് മടങ്ങിയതെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചതായുള്ള വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സംഭവത്തിൽ യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന വിമർശനം തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക അന്വേഷണസംഘം നിയോഗിച്ച് നടപടികൾ വേഗത്തിലാക്കിയ സർക്കാർ, ഗണേഷ് കുമാറിന്റെ വിഷയത്തിൽ എന്ത് നടപടി എടുത്തുവെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയർത്താൻ സാധ്യതയുണ്ട്.പത്തനാപുരത്ത് ഗണേഷ് കുമാർ വീണ്ടും സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിൽ ഇടത് മുന്നണിയുടെ നിലപാട് കൂടുതൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം ഗണേഷ് കുമാർ മന്ത്രിയായി തുടരുന്നതിനെതിരെ മുന്നണിക്കുള്ളിൽ തന്നെ, പ്രത്യേകിച്ച് സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്ന് എതിർപ്പ് ഉയരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
