ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സൈനിക നീക്കത്തിന് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ട്രംപ് നിർദ്ദേശം നൽകി. ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും ഈ പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ നടപടികൾ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാനുള്ള നടപടികൾ യുഎസ് നാവികസേന ഉടൻ ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കൻ സേനയ്ക്കോ അന്താരാഷ്ട്ര കപ്പലുകൾക്കോ നേരെ ഇറാൻ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതം എത്രയും വേഗം ഉറപ്പാക്കാൻ ഇറാൻ തയ്യാറാകണമെന്നും സമാധാനപരമായ ചർച്ചകൾക്കുള്ള വാഗ്ദാനം പാലിക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. സമാധാന ചർച്ചകൾ വഴിമുട്ടുകയും ഇരുരാജ്യങ്ങളും സൈനികമായി നിലയുറപ്പിക്കുകയും ചെയ്തതോടെ വരും മണിക്കൂറുകളിൽ മേഖലയിലെ നീക്കങ്ങൾ അതീവ നിർണ്ണായകമാകും.
