ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിൽ നിർണ്ണായക ചർച്ചകൾ നടത്തി. അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് നിലവിലെ ഉപരോധം ബാധകമാകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാനും അറിയിച്ചു. ഇതിനിടെ, ഇന്ത്യയിൽ നിന്ന് 20,000 കിലോ മരുന്നുകൾ കൂടി ഇറാൻ എംബസി വഴി അയച്ചിട്ടുണ്ട്.
ഇറാനുമേൽ അമേരിക്ക കടുത്ത സമുദ്ര ഉപരോധം ആരംഭിച്ചതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഇറാന്റെ തുറമുഖങ്ങൾക്ക് എന്തെങ്കിലും ഭീഷണി നേരിട്ടാൽ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാനിയൻ സൈനിക വക്താവ് ശക്തമായ മുന്നറിയിപ്പ് നൽകി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കങ്ങൾ. അന്താരാഷ്ട്ര കപ്പൽ പാതയിലെ ഉപരോധം ആഗോള വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും, ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമം. വരും ദിവസങ്ങളിൽ മേഖലയിലെ സൈനിക, നയതന്ത്ര നീക്കങ്ങൾ അതീവ നിർണ്ണായകമാകും.
