നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും അന്വേഷിക്കുന്നു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണം വിപുലമാക്കി പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതികളായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

​അധ്യാപകരിൽ നിന്നുള്ള ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് സഹപാഠികൾ പോലീസിന് നിർണ്ണായക മൊഴി നൽകിയിട്ടുണ്ട്. ഡോ. എം.കെ. റാം വിദ്യാർത്ഥികളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ജാതിപരമായ അധിക്ഷേപങ്ങൾ നടത്തിയിരുന്നതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. എന്നാൽ, നിതിൻ നേരിട്ടിരുന്ന സാമ്പത്തിക പ്രയാസങ്ങളും ലോൺ ആപ്പുകളുടെ ശല്യവുമാണ് മരണത്തിന് കാരണമെന്ന് വരുത്തിത്തീർക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നതായി ശക്തമായ ആരോപണമുണ്ട്.​

നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് സംഘം നിതിനെ ഭീഷണിപ്പെടുത്തി അയച്ച സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ നിതിൻ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നുവെന്നും ഇതല്ല മരണകാരണമെന്നും കുടുംബം വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണ സംഘം നിതിന്റെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജാതി അധിക്ഷേപം, റാഗിംഗ്, ലോൺ ആപ്പ് ഭീഷണി എന്നിങ്ങനെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും പോലീസ് മുന്നോട്ട് പോകുക.