നായയെ അയൽവീട്ടിലേക്ക് വിട്ടു; വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സത്യഭാമയ്ക്കെതിരെ പോലീസ് നടപടി

തിരുവനന്തപുരം: വിവാദങ്ങൾ വിട്ടുമാറാത്ത ആർ.എൽ.വി. രാമകൃഷ്ണൻ അധിക്ഷേപക്കേസിലെ പ്രതി കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ അയൽവാസിയുടെ പരാതിയിൽ പൊലീസ് നടപടി. സത്യഭാമ തന്റെ വളർത്തുനായയെ മലമൂത്രവിസർജ്ജനത്തിനായി അയൽപക്കത്തെ വീട്ടിലേക്ക് മനഃപൂർവം തുറന്നുവിടുന്നു എന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് വനിതാ പൊലീസ് ഇടപെട്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും നായയെ അഴിച്ചുവിടുന്നത് തുടർന്നതോടെയാണ് അയൽവാസി പരാതിയുമായി പോലീസിനെ സമീപിച്ചത്.

​പരാതിയുടെ അടിസ്ഥാനത്തിൽ സത്യഭാമയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇനി മേലിൽ വളർത്തുനായയെ അയൽവാസിയുടെ വീട്ടിലേക്ക് മലമൂത്രവിസർജ്ജനത്തിനായി വിടരുതെന്നും ഇത്തരം പരാതികൾ ആവർത്തിക്കരുതെന്നും പോലീസ് ഇവർക്ക് കർശന നിർദ്ദേശം നൽകി. സംഭവം ഇനി ആവർത്തിക്കില്ലെന്ന് സത്യഭാമ ഉറപ്പുനൽകിയതിനെത്തുടർന്ന് ഇരുവിഭാഗവും മധ്യസ്ഥതയിൽ കേസ് അവസാനിപ്പിച്ചു.