സംസ്ഥാനങ്ങളുടെ ആശങ്കയകറ്റി പ്രധാനമന്ത്രി; വനിതാ സംവരണ ബില്ലിൽ ക്രെഡിറ്റ് രാഷ്ട്രീയമില്ലെന്ന് നരേന്ദ്ര മോദി

ദില്ലി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണ്ണയത്തിൽ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്തെ വിഘടിത കാഴ്ചപ്പാടോടെ കാണുന്നവർ ബില്ലിനെക്കുറിച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും ഈ തീരുമാനം ഒരു സംസ്ഥാനത്തിനും ദോഷകരമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ലോക്‌സഭയിൽ സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് അനുപാതം മാറ്റമില്ലാതെ തുടരും. ഒരു സംസ്ഥാനത്തോടും പക്ഷപാതമോ അനീതിയോ കാണിക്കില്ലെന്നും ഇക്കാര്യത്തിൽ ഗ്യാരന്റി നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു കാണുന്ന പ്രവണത അനുവദിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.​

സ്ത്രീകളെ മാറ്റിനിർത്തിയ മുൻകാലങ്ങളിലെ തെറ്റുകൾ തിരുത്താനുള്ള അവസരമാണ് ഈ ബില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് അവരുടെ അവകാശമാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തടഞ്ഞുവെച്ചിരിക്കുന്ന ഈ ബില്ല് ഇനിയും വൈകിക്കരുത്. ബില്ലിന് പിന്നിൽ രാഷ്ട്രീയ സ്വാർത്ഥതയാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ബില്ല് പാസാക്കുന്നതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നും വേണമെങ്കിൽ അത് പ്രതിപക്ഷത്തിന് നൽകിക്കൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബില്ല് പാസായാൽ അതിന്റെ ക്രെഡിറ്റ് എല്ലാ പാർട്ടികൾക്കും നൽകുമെന്നും എല്ലാവരോടും നന്ദി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

വനിതാ സംവരണ ബില്ല് ജനാധിപത്യത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വനിതാ നേതാക്കളുടെ ശബ്ദം പാർലമെന്റിനെ കൂടുതൽ കരുത്തുറ്റതാക്കും. പുതിയ പാർലമെന്റ് മന്ദിരം പണിതപ്പോൾ തന്നെ സീറ്റുകളുടെ വർദ്ധനവിനുള്ള സാഹചര്യം ഒരുക്കിയിരുന്നു. രാഷ്ട്രീയ ലാഭത്തിനപ്പുറം രാജ്യത്തിന്റെ വികസനത്തിന് വനിതകളുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും അവരെ ഇനിയും കാത്തുനിർത്താൻ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ കഴിവുകളെ തടയുന്ന നിലപാട് ആരും സ്വീകരിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.