ലോക്‌സഭയിൽ ശക്തമായ വാക്പോര്; വോട്ടെടുപ്പിലൂടെ വനിതാ സംവരണ ബില്ലിന് അവതരണാനുമതി

വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി തേടി കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. ബിൽ ചർച്ചയ്ക്കെടുക്കരുതെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് സ്പീക്കർ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്.

​ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. ഈ നീക്കം ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചപ്പോൾ, ബില്ലിലെ വ്യവസ്ഥകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിൽ ഉടനടി പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റെ എല്ലാ വിമർശനങ്ങൾക്കും ചർച്ചാ വേളയിൽ മറുപടി നൽകുമെന്നും ഇപ്പോൾ അവതരണാനുമതി നൽകണമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്.