മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ കേന്ദ്രത്തിലെ നിർബന്ധിത മതപരിവർത്തന കേസിലെ പ്രതി നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. താൻ ഗർഭിണിയാണെന്നും തനിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിദ നാസിക്കിലെ പ്രാദേശിക കോടതിയിൽ ഹർജി നൽകിയത്. നിലവിൽ ഒളിവിലുള്ള ഇവർ, തന്റെ ആരോഗ്യസ്ഥിതി മുൻനിർത്തി കേസിൽ ജാമ്യം നേടാനാണ് ശ്രമിക്കുന്നത്.
ടിസിഎസ് കേന്ദ്രത്തിൽ നടന്ന ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവന്നതോടെ പോലീസ് ഇടപെട്ട് സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു. ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം, മാനസിക പീഡനം എന്നിവ ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന്, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകി. വർഷങ്ങളായി തൊഴിലിടത്തിൽ തുടർന്നിരുന്ന മതപരമായ വിവേചനങ്ങളും പീഡനങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാനും ഇഷ്ടമില്ലാത്ത മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ജീവനക്കാരെ പ്രതികൾ നിർബന്ധിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഒരു ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിക്കുകയും, മറ്റു ജീവനക്കാരെ അനുചിതമായി സ്പർശിക്കുകയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ടിസിഎസ് ബിപിഒ യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിരിക്കുന്നത്.
