കേരളത്തിൽ മഴ വീണ്ടും ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോ ഇടിയോടുകൂടിയ മഴയോ തുടരാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 25 വരെ ഇടിമിന്നൽ മുന്നറിയിപ്പും നിലവിലുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് തുടരും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ഓഗസ്റ്റ് 25 വരെ മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിലും ചില ഘട്ടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, അടുത്ത ദിവസങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും ജൂൺ 1 മുതൽ ഓഗസ്റ്റ് 23 വരെയുള്ള കാലയളവിൽ കേരളത്തിൽ 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്; ഇടുക്കിയിലും വലിയ കുറവുണ്ട്.