കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; സസ്‌പെൻസ് തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് പൂർത്തിയാകും. കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനം മുദ്രവച്ച കവറിൽ എഐസിസി നിരീക്ഷകർ ഇന്ന് നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ ദീപ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിലുണ്ടാകുമെങ്കിലും കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലാണ് തുടരുന്നത്.​

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നേതാക്കൾ ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. കേരള കോൺഗ്രസ് ജോസഫ്, ആർഎസ്പി തുടങ്ങിയ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്തെത്തി പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും. സസ്‌പെൻസ് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളെല്ലാം ഏറെ ആകാംക്ഷയോടെയാണ് ഹൈക്കമാൻഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.​

അതേസമയം, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എന്നാൽ പ്രഖ്യാപനം മറിച്ചാണെങ്കിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി ആരാകുമെന്നതിനെ ആശ്രയിച്ചായിരിക്കും യുഡിഎഫിലെ തുടർന്നുള്ള നീക്കങ്ങൾ.