തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ.) പൂർത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,77,49,159 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ വോട്ടർപ്പട്ടിക പുതുക്കിയപ്പോൾ 9,06,211 പേർ പട്ടികയിൽ നിന്ന് പുറത്തായി.
പട്ടിക പുതുക്കലിന്റെ വിവിധ ഘട്ടങ്ങളിലായി വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. ഇതിനുശേഷം നടന്ന ഹിയറിങ്ങിലൂടെ 53,229 പേരെ കൂടി ഒഴിവാക്കിയെങ്കിലും, പുതുതായി 15,11,292 പേർ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ശുദ്ധീകരണ നടപടികൾക്ക് ശേഷമാണ് വോട്ടർമാരുടെ എണ്ണത്തിൽ ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ https://electoralsearch.eci.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. വോട്ടർ ഐ.ഡി. നമ്പർ, ഫോൺ നമ്പർ അല്ലെങ്കിൽ പേരും ജനനത്തീയതിയും പോലുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്താൻ സാധിക്കും.
