ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സംഗീത പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ആ സ്വരമാധുരി വിടവാങ്ങുന്നത്.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയായി 1933-ൽ സാഗ്ലിയിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ആശാ ഭോസ്‌ലെയുടെ ജനനം. ദീനനാഥ് മങ്കേഷ്‌കർ – ശുദ്ധമാതി ദമ്പതികളുടെ മകളായ അവർക്ക് ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നീ സഹോദരങ്ങളുമുണ്ട്. 1943-ൽ പത്താം വയസ്സിലാണ് ആശയുടെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്.
1948-ൽ ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ആശാ ഭോസ്‌ലെ, 1949-ൽ ‘രാത് കി റാണി’ എന്ന ചിത്രത്തിലൂടെയാണ് തന്റെ ആദ്യ സോളോ ഗാനം ആലപിച്ചത്. പിന്നീട് ദശകങ്ങൾ നീണ്ട സംഗീത യാത്രയിൽ ഒട്ടനവധി അനശ്വര ഗാനങ്ങൾ അവർ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചു. വൈവിധ്യമാർന്ന ആലാപന ശൈലിയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട ഗായികയായി അവർ മാറി.
