മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച റംസാൻ 30 പൂർത്തിയാക്കിയ ശേഷമായിരിക്കും വിശ്വാസികൾ പെരുന്നാളിലേക്ക് കടക്കുക.
ഒമാനിൽ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ചന്ദ്രക്കല ദൃശ്യമാകാത്തതിനാൽ അവിടെ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രവാസികളടക്കമുള്ള വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
