മുംബൈ: താനെയിലെ മുബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജയൻ ശിവാനന്ദൻ നായരെ മുബ്ര പോലീസ് അറസ്റ്റ് ചെയ്തു. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ രക്ഷിക്കാനാണ് വെടിവെച്ചതെന്നാണ് മുൻ സൈനികൻ കൂടിയായ ജയൻ പോലീസിന് നൽകിയ മൊഴി.
കൈലാഷ് നഗറിലെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ ഇന്നലെ രാവിലെ 11:30 ഓടെയായിരുന്നു സംഭവം. അക്ബർ അബ്ദുൾ ഷെയ്ഖ്, അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘം അനു ഷെയ്ഖ് ഹില എന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ദീർഘനാളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നതായും ലൈംഗികാതിക്രമത്തിന് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെയും ഉപദ്രവം തുടർന്നതോടെ ജയൻ ഇടപെടുകയും അക്രമികളുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ജയൻ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റവരിൽ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പരിക്കേറ്റ മറ്റ് രണ്ടുപേരായ അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ജയൻ, വെടിവെപ്പിന് ശേഷം യുവതിയെയും കൂട്ടി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
