തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് രൂക്ഷമായ വിമർശനവുമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുകയാണെന്നും, ഇത്തരമൊരു ഭരണകൂടം ഉള്ളതുകൊണ്ടാണ് കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലാത്തതെന്നും അവർ ആരോപിച്ചു. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി കൂടിയായ അവർ.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളിൽ പോലും നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു. സ്വന്തം അനുഭവത്തിൽ ഡിജിപി പോലും കൂടെ നിന്നില്ലെന്നും, രാഷ്ട്രീയ അനുമതിയുണ്ടെങ്കിൽ മാത്രമേ ഡിജിപിക്ക് തന്നോടൊപ്പം നിൽക്കാൻ കഴിയുമായിരുന്നുള്ളൂ എന്നും അവർ പരിഹസിച്ചു. ഉന്നത ഉദ്യോഗസ്ഥർക്ക് പോലും രാഷ്ട്രീയ സ്വാധീനമില്ലാതെ നീതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ഉണ്ടായ ദുരനുഭവം പരാമർശിച്ചുകൊണ്ടായിരുന്നു ശ്രീലേഖയുടെ മറ്റൊരു വിമർശനം. മന്ത്രിപത്നിയെ സ്വന്തം വീട്ടിൽ പൂട്ടിയിട്ട സംഭവം ഉണ്ടായിട്ടും, പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് അവർ ചോദിച്ചു. സാധാരണക്കാരുടെ അവസ്ഥ ഇതിലും ദയനീയമാണെന്നും കേരളത്തിന്റെ നിലവിലെ സ്ത്രീ സുരക്ഷാ സംവിധാനം പൂർണ്ണമായും പരാജയമാണെന്നും ആർ ശ്രീലേഖ ആഞ്ഞടിച്ചു.
