ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിച്ചു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയിലേക്ക്

ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നിതീഷ് കുമാർ ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 20 വർഷക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചുവെന്നും ബിഹാറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായെന്നും രാജിവച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.​

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. വരാനിരിക്കുന്ന പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മേൽനോട്ടവും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.​

അതേസമയം, നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ പുതിയ മന്ത്രിസഭയുടെ ഭാഗമായേക്കില്ലെന്നാണ് ജെഡിയുവിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. നിതീഷിന്റെ പിൻഗാമിയായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ജെഡിയുവിനുള്ളിൽ സജീവമാണ്. പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.