വയനാട് ടൗൺഷിപ്പിലെ വിള്ളൽ വിവാദം: ‘ഊരാളുങ്കൽ മറുപടി പറയേണ്ടി വരും’, സർക്കാരിന്റെ ഗ്യാരണ്ടിയെന്ന് മന്ത്രി കെ രാജൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ചു. സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്. വീട്ടിൽ വിള്ളലുകളില്ലെന്നും മേൽക്കൂരയിൽ വെള്ളം കിനിഞ്ഞതിന്റെ പാടുകൾ മാത്രമാണുള്ളതെന്നുമാണ് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കിയത്.​

നിർമ്മാണം പൂർത്തിയാക്കി വീടുകൾ ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെന്നും നിലവിൽ പട്ടയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വെള്ളം കിനിഞ്ഞിറങ്ങുന്നത് തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താമസമാരംഭിച്ച ശേഷം എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായിരിക്കുമെന്നും അത് സർക്കാരിന്റെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

കരാർ പ്രകാരം ഒക്ടോബറിനുള്ളിൽ 410 വീടുകളുടെയും നിർമ്മാണം പൂർത്തിയായില്ലെങ്കിൽ ബന്ധപ്പെട്ടവർ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വീഴ്ചയുണ്ടായാൽ കരാർ കമ്പനിക്ക് പണം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടൗൺഷിപ്പിലെ നിർമ്മാണ വിഷയങ്ങളിൽ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.​

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വൈകുന്നേരം ടൗൺഷിപ്പിൽ കുടിൽകെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ടൗൺഷിപ്പ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ മേൽക്കൂരയിലെ പാടുകൾ മായിക്കാൻ മന്ത്രിയും നേതാക്കളും ശ്രമിച്ചത് ഇതിനോടകം ചർച്ചയായിട്ടുണ്ട്.