പാലക്കാട്: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫോറം (ഡിഎംഎഫ്), സിഎംപിയിൽ (കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) ലയിക്കുകയോ അല്ലെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും, സിഎംപിയിൽ ലയിക്കണോ അതോ ഒരുമിച്ച് മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും പി.കെ. ശശി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന ഒരു സുപ്രധാന യോഗം ഉടൻ തന്നെ പാലക്കാട് വെച്ച് ചേരുന്നുണ്ട്.
സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന്, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും ശശിക്ക് പരാജയം നേരിട്ടിരുന്നു. എന്നാൽ, കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എണ്ണൂറോളം പ്രവർത്തകർ ഡിഎംഎഫിൽ ചേർന്നത് പാർട്ടിക്ക് കരുത്തായിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട് സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ജില്ലാ നേതൃത്വവുമായി വിയോജിച്ച് പാർട്ടി വിട്ട മറ്റ് നേതാക്കളെയും അണികളെയും കൂടി തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള സജീവ നീക്കങ്ങളും ഡിഎംഎഫ് നടത്തിവരുന്നുണ്ട്.
