വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം തടവ്; കടുത്ത ശിക്ഷാ വ്യവസ്ഥകളുമായി കേന്ദ്രം

ദില്ലി: ദേശീയഗാനത്തിന് സമാനമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരമായ പരിരക്ഷ ഉറപ്പാക്കാനും, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് കടുത്ത തടവുശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന നിർണായക ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അജണ്ടയിൽ കേന്ദ്ര സർക്കാർ ഈ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

​ഇതോടൊപ്പം, പ്രതിപക്ഷത്തിന്റെയും ക്രൈസ്തവ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായ എഫ്.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ ചട്ടം) ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്ക് വരും. സുപ്രധാനമായ ഈ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുന്നതിനായി ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി നേതൃത്വം.

​നിയമ ലംഘകർക്ക് മൂന്ന് വർഷം തടവ്​’. പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ അമൻഡ്മെന്റ് ബിൽ 2026′ (ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ ഭേദഗതി ബിൽ) എന്ന പേരിട്ട നിയമനിർമ്മാണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ, ഗാനം പാടുന്നതിനിടയിൽ ബോധപൂർവ്വം ബഹളമുണ്ടാക്കി ശല്യം ചെയ്യുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ​നിലവിൽ ദേശീയഗാനത്തെ (ജനഗണമന) അപമാനിക്കുന്നവർക്ക് ലഭിക്കുന്ന അതേ ശിക്ഷാ വ്യവസ്ഥകളാണ് വന്ദേമാതരത്തിനും ബാധകമാക്കുന്നത്. ​പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ തന്നെ ഈ ഭേദഗതിക്ക് അനുമതി നൽകിയിരുന്നു. വന്ദേമാതരത്തിന് അർഹമായ പ്രാധാന്യം നൽകാൻ മുൻ സർക്കാരുകൾ തയ്യാറായില്ലെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ തുടർച്ചയായാണ് ഈ പുതിയ നിയമനിർമ്മാണം.​

വിദേശ ധനസഹായം കൈപ്പറ്റുന്ന എൻ.ജി.ഓകളുടെ പ്രവർത്തനം കൂടുതൽ കർശനമാക്കുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ സഭയിലെത്തുന്നതോടെ വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. നിയമപരമായ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കൾ സ്ഥിരമായി കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകൾ ഈ നീക്കത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതി ആർക്കും ഹാനികരമാകില്ലെന്ന് അമിത് ഷാ നേരത്തെ സി.ബി.സി.ഐ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നെങ്കിലും സംഘടനകൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് സാധ്യത.​

സഭയിലെത്തുന്ന മറ്റ് പ്രധാന ബില്ലുകൾ:​ ഇൻകം ടാക്സ് ഭേദഗതി ബിൽ, 2026: വിദേശ നിക്ഷേപകർക്ക് ഇളവുകൾ നൽകുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ. ​സുപ്രീം കോടതി ഭേദഗതി ബിൽ: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള നിയമനിർമ്മാണം. ​ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ: രണ്ട് വർഷത്തിൽ കൂടുതൽ വൈകിയുള്ള ജനന-മരണ രജിസ്ട്രേഷനുകൾക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കുന്നു.​ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ: യു.ജി.സി (UGC), എ.ഐ.സി.ടി.ഇ (AICTE) എന്നിവ നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത കമ്മീഷൻ കൊണ്ടുവരാനുള്ള നിർണ്ണായക ബിൽ.