ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ നാളെ തുറക്കും. തമിഴ്നാടൻ അതിർത്തിയിലുള്ള കമ്പം താഴ്‌വരയിലെ 14,707 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ ഒന്നാം നെൽകൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായാണ് ജലം തുറന്നുവിടുന്നത്. തമിഴ്‌നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാറിന്റെ സാന്നിധ്യത്തിലാകും ഈ ചടങ്ങ് നടക്കുക. ടി.വി.കെ. സർക്കാർ അധികാരമേറ്റതിന് ശേഷം ഈ അണക്കെട്ടിൽ നടക്കുന്ന ആദ്യ മന്ത്രിതല സന്ദർശനമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് കൃഷിക്കായി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത് രണ്ടു മാസത്തിലധികം വൈകിയത്. ഈ മുന്നറിയിപ്പ് തമിഴ്‌നാട് അധികൃതർ മുൻകൂട്ടി നൽകിയിട്ടുണ്ട്.
