കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: മെറ്റ 18 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പിന്

കാലിഫോർണിയ: കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയ ഉപയോഗം ആസക്തിയിലേക്ക് നയിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മെറ്റ ഏകദേശം 18 ബില്യൺ ഡോളർ വരെ നൽകുന്ന ഒത്തുതീർപ്പിന് സമ്മതിച്ചു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ കൂടുതൽ സമയം പ്ലാറ്റ്‌ഫോമുകളിൽ തുടരാൻ പ്രേരിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തെന്നും, ഇതിന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പ് നൽകിയില്ലെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു.

ഒത്തുതീർപ്പിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ദിവസേന പരമാവധി രണ്ട് മണിക്കൂർ ഉപയോഗപരിധി, അർധരാത്രി മുതൽ രാവിലെ ആറുവരെ ആപ്പുകൾ തടയൽ, സ്കൂൾ സമയത്ത് അറിയിപ്പുകൾ നിയന്ത്രിക്കൽ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കും. മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണ സൗകര്യങ്ങളും ഒരുക്കും.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി അടുത്ത പത്ത് വർഷത്തിനിടെ തുക സംസ്ഥാനങ്ങൾക്ക് നൽകാനാണ് ധാരണ. യൂട്യൂബും ടിക്‌ടോക്കും സമാന സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഒത്തുതീർപ്പിലുണ്ട്. മെറ്റ കുറ്റം സമ്മതിച്ചുകൊണ്ടല്ല കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി, ഉത്കണ്ഠ, വിഷാദം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക കമ്പനികൾക്കെതിരായ നിയമനടപടികൾ ശക്തമാകുന്നതിനിടെയാണ് മെറ്റയുടെ ഈ ഒത്തുതീർപ്പ്.