വൈറ്റില: വൈറ്റില മൊബിലിറ്റി ഹബ്ബിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ യാത്രക്കാർ ദുരിതത്തിൽ. ഹബ്ബിൽ ബസിറങ്ങി സമീപ പ്രദേശങ്ങളിലേക്ക് പോകുന്നവരിൽനിന്ന് സാധാരണ നിരക്കിനേക്കാൾ വലിയ തുക ഈടാക്കുന്നതായാണ് പരാതി. ചെറിയ ദൂരത്തേക്കുപോലും 200 രൂപ വരെ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം.
ഓണാവധിക്കിടെ വലിയ ബാഗുകളുമായി ഹബ്ബിലെത്തിയ യാത്രക്കാർക്ക് പ്രീപെയ്ഡ് കൗണ്ടർ അടഞ്ഞുകിടക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി. പനമ്പിള്ളി നഗർ പോലുള്ള സമീപ പ്രദേശങ്ങളിലേക്ക് പോകാൻ പോലും ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു. ഹബ്ബിൽനിന്ന് പുറത്തുള്ള ഓട്ടോ സ്റ്റാൻഡിനെ ആശ്രയിക്കുമ്പോഴും പലപ്പോഴും ഡ്രൈവർമാർ ആവശ്യപ്പെടുന്ന അധിക നിരക്ക് അംഗീകരിക്കേണ്ടിവരുന്ന അവസ്ഥയാണ്.
വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പ്രീപെയ്ഡ് കൗണ്ടർ നഷ്ടത്തിലായതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. നിരക്ക് വർധന ആവശ്യപ്പെട്ട് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും രംഗത്തെത്തിയിരുന്നു. സർക്കാർ നിരക്ക് പുതുക്കിയെങ്കിലും അത് മതിയാകില്ലെന്നും 20 ശതമാനം കൂടി വർധന വേണമെന്നുമായിരുന്നു ആവശ്യം.
24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കൗണ്ടറിൽ മൂന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ വേതനം ഉൾപ്പെടെ പ്രതിമാസം ഏകദേശം 50,000 രൂപ വരെ ചെലവായിരുന്നെന്നും നടത്തിപ്പ് നഷ്ടത്തിലായിരുന്നെന്നും അധികൃതർ പറയുന്നു. സർക്കാർ നിശ്ചയിച്ച പുതുക്കിയ നിരക്കിൽ സർവീസ് നടത്താൻ ഡ്രൈവർമാർ തയ്യാറാകാതെ വന്നതോടെയാണ് കൗണ്ടർ അടച്ചതും ജീവനക്കാരെ പിരിച്ചുവിട്ടതും.
പ്രീപെയ്ഡ് സംവിധാനത്തിന്റെ പ്രധാന നേട്ടം യാത്രക്കാരുടെ സുരക്ഷയായിരുന്നു. കൗണ്ടറിൽ നിന്ന് ലഭിക്കുന്ന രസീതിൽ ഓട്ടോറിക്ഷയുടെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നതിനാൽ രാത്രിയിലും, പ്രത്യേകിച്ച് സ്ത്രീകൾക്കും, കൂടുതൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിച്ചിരുന്നു. കൗണ്ടർ പ്രവർത്തനം നിലച്ചതോടെ ഊബർ ഓട്ടോ ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുകയും അതിന് അധിക ചെലവ് വരികയും ചെയ്യുന്നു.
ഹബ്ബിന് പുറത്തുള്ള ഓട്ടോ സ്റ്റാൻഡ് നിലവിലുണ്ടെങ്കിലും ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രകൾ ഏറ്റെടുക്കാൻ ചില ഡ്രൈവർമാർ താൽപര്യം കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. തൈക്കൂടം പോലുള്ള സമീപ പ്രദേശങ്ങളിലേക്കുള്ള ഓട്ടം ഒഴിവാക്കി ദൂരയാത്രകൾക്കാണ് പലരും മുൻഗണന നൽകുന്നതെന്നും യാത്രക്കാർ പറയുന്നു.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന പ്രധാന ഗതാഗതകേന്ദ്രത്തിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനഃസ്ഥാപിക്കാത്തതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നു. മാസങ്ങളായി പ്രശ്നം തുടരുമ്പോഴും പരിഹാരത്തിനായി കാര്യമായ നടപടികളില്ലെന്നാണ് പരാതി.
