കൊല്ലം: പുനലൂരിൽ എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. താൻ മുൻകൈയെടുത്താണ് പത്മാകഫേയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നും, മുൻപ് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ ഈ പ്രതികരണം. മാധ്യമങ്ങൾ വഴിയാണ് ഉദ്ഘാടന വിവരം അറിഞ്ഞതെങ്കിലും അതിൽ സന്തോഷമുണ്ടെന്നും, പൂർണ്ണ അഭിമാനത്തോടെ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഇന്ന് പത്മാകഫേയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
പത്മാകഫേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ നേരത്തെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് ഈ തർക്കങ്ങളുടെ തുടക്കം. ഇതിനെത്തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഭാരവാഹികളുടെ കൂട്ടരാജിയുമാണ് ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് കെ.ബി. ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള പരസ്യമായ പോര് കൂടുതൽ രൂക്ഷമായത്.
