പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിൽ. അരവണ പ്ലാന്റിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വൈകുന്നത് വരാനിരിക്കുന്ന മണ്ഡലകാലത്തും അരവണ ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. ഒക്ടോബർ 13ന് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാകാൻ സാധ്യത കുറവാണ്.
ഇതോടെ തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണയുടെ കരുതൽ ശേഖരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം, ശർക്കര സംഭരണത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.
കരാർ കമ്പനികളുമായി ഇതുവരെ എഗ്രിമെന്റ് ഒപ്പിടുകയോ സാമ്പിൾ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസത്തോടെ സന്നിധാനം ഗോഡൗണിൽ ശർക്കര എത്തിത്തുടങ്ങിയിരുന്നു. കരാർ നടപടികൾ വൈകിയതിനെ തുടർന്ന് നാല് കോടിയോളം രൂപയുടെ അധിക ചെലവും ഉണ്ടായിട്ടുണ്ട്.
സീസൺ നടത്തിപ്പിനായി ബദൽ സംവിധാനം തേടി കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. മണ്ഡലകാലം ആരംഭിക്കാൻ ഇനി 55 ദിവസം മാത്രം ശേഷിക്കെ ശബരിമലയിലെ മുന്നൊരുക്കങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.
