കേരളത്തിൽ വൈകുന്നേരങ്ങളിൽ മിക്ക ദിവസങ്ങളിലും മഴ ലഭിക്കുന്നുണ്ടെങ്കിലും തുലാവർഷം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കൻ തീരത്തിനും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 17 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും ശക്തമായ കാറ്റും ഇടിമിന്നലും കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
കേരളത്തിൽ തുലാവർഷം ഉടൻ എത്തും; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
