ആറ്റുകാൽ പൊങ്കാല: ചുടുകല്ലുകൾ ഇത്തവണയും നഗരസഭ ശേഖരിക്കും; വീട് നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തർ ഉപയോഗിക്കുന്ന ചുടുകല്ലുകൾ ഇത്തവണയും നഗരസഭ നേരിട്ട് ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അറിയിച്ചു. കഴിഞ്ഞ വർഷം ഏകദേശം 2,95,000 കല്ലുകൾ ഇത്തരത്തിൽ ശേഖരിച്ചിരുന്നു. നഗരസഭയുടെ വിവിധ പദ്ധതികൾക്ക് കീഴിൽ നടക്കുന്ന വീട് നിർമ്മാണത്തിനായി ഈ കല്ലുകൾ പ്രയോജനപ്പെടുത്താനാണ് തീരുമാനം. കല്ലുകൾ ശേഖരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നഗരസഭ പൂർത്തിയാക്കിയിട്ടുണ്ടെന്നും നിരവധി അപേക്ഷകൾ ഇതിനോടകം ലഭിക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.​

അതേസമയം, പൊങ്കാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും തലസ്ഥാനം സാക്ഷ്യം വഹിച്ചു. പൊങ്കാല സമയത്ത് കുടിവെള്ളം മുട്ടിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരം നടത്തി. തലയിൽ കുടം കമഴ്ത്തിവെച്ച് കുത്തിയിരിപ്പ് സമരം നടത്തിയാണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.​

ഭക്തർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ 10 പ്രധാന പോയിന്റുകളിൽ മെഡിക്കൽ ടീമുകളെയും 108 ആംബുലൻസുകളെയും വിന്യസിക്കും. കൂടാതെ, തിരക്കേറിയ ഇടങ്ങളിൽ വേഗത്തിൽ വൈദ്യസഹായം എത്തിക്കാൻ ബൈക്ക് ഫസ്റ്റ് റെസ്പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും രംഗത്തുണ്ടാകും.​

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും കളക്ടറേറ്റിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പൊങ്കാല ദിവസം പുലർച്ചെ 5 മണി മുതൽ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ആരോഗ്യപ്രവർത്തകരുടെ സേവനം ഭക്തർക്ക് ലഭ്യമായിരിക്കും.