കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.
ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയും ഉൾപ്പെടെ 10,800 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുന്നത്. ഉദ്ഘാടന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുണ്ടെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും ചടങ്ങിലെത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അവഗണനയെന്ന് ആരോപണം:സംസ്ഥാനത്തെ റോഡ് വികസനത്തിന് ചുക്കാൻ പിടിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ബോധപൂർവമായ അവഗണനയാണെന്ന് സർക്കാർ വൃത്തങ്ങൾ കരുതുന്നു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് ഇന്നലെ മാത്രമാണെന്നും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നുമാണ് മന്ത്രി എം.ബി രാജേഷിന്റെ വിശദീകരണം. അസൗകര്യമുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. സംസ്ഥാനത്തിന്റെ കൂടി സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ഏറ്റെടുക്കുന്നു എന്ന ആക്ഷേപവും ഇതോടെ ശക്തമായിരിക്കുകയാണ്.
