സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; വ്രതപുണ്യത്തിന് വിരാമം, ഇനി ആഘോഷരാവ്

കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് മാസപ്പിറവി ദൃശ്യമായത്.​

റമദാനിലെ 29 ദിവസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിരാമമിട്ടാണ് ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി സ്ഥിരീകരിച്ചതോടെ വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്തെ പള്ളികളിലും ഈദ്ഗാഹുകളിലും നാളെ രാവിലെ പ്രത്യേക പെരുന്നാൾ നിസ്കാരം നടക്കും. പുതുവസ്ത്രങ്ങൾ അണിഞ്ഞും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും വിശ്വാസികൾ സന്തോഷം പങ്കിടും.​ നിർബന്ധിത ദാനധർമ്മമായ ഫിത്ർ സക്കാത്ത് വിതരണം ചെയ്തും പ്രാർത്ഥനകളിൽ മുഴുകിയും വിശ്വാസികൾ ഈ പുണ്യദിനത്തെ വരവേൽക്കും.​മാസപ്പിറവി കണ്ടതോടെ നാടെങ്ങും പെരുന്നാൾ ആവേശത്തിലാണ്. വിപണികളിലും പള്ളികളിലും സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്.