കണ്ണൂർ : പെരിങ്ങത്തൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ വിലക്കിയതിനെ തുടർന്ന് 17കാരനായ പ്ലസ്ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.
മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് പതിവായിരുന്ന കുട്ടി ഇതിന് കൂടുതൽ സമയം ചെലവഴിച്ചിരുന്നതായി പിതാവ് പറഞ്ഞു. പണം നൽകി കളിക്കുന്ന ഗെയിമായതിനാൽ രക്ഷിതാക്കൾ കുട്ടിയെ ഇതിൽ നിന്ന് വിലക്കുകയും മൊബൈൽ ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ കുട്ടി ഏറെ മനോവിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് കുട്ടി ഒരു കത്ത് എഴുതി വച്ചിരുന്നു. “കാശിക്ക് പോകുന്നു” എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇനിയുള്ള കാലം കാശിയിൽ താമസിച്ച് ദൈവത്തോടൊപ്പം കഴിയാനാണ് പോകുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങത്തൂരിനും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇതുവരെ കുട്ടിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
