കോഴിക്കോട്: പരീക്ഷയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ഓട്ടോറിക്ഷ ഡ്രൈവറെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മായനാട് സ്വദേശി മേലെകൊണ്ടാവിൽ മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് എത്തിക്കാൻ മാതാപിതാക്കൾ മുഹമ്മദ് നൂറിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ റോഡിൽ ഓട്ടോ നിർത്തി ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
ചേവായൂർ ഇൻസ്പെക്ടർ മഹേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവുമാണ് പ്രതിയെ പള്ളിത്താഴത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് നൂറിനെ റിമാൻഡ് ചെയ്തു.
