തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്‌കൂളിൽ വെച്ച് ഇന്ന് തിങ്കളാഴ്ച വേറിട്ടൊരു പുസ്തക പ്രകാശന ചടങ്ങ് നടന്നു. ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഋഭു നാരായണൻ മാങ്ക ചിത്രരചനാ ശൈലിയിൽ (Manga art style) തയ്യാറാക്കിയ ‘ലോസ്റ്റ് സ്മൈൽ’ (Lost Smile) എന്ന ചിത്രകഥയാണ് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രകാശനം ചെയ്തത്. ലഹരിയുടെ ഉപയോഗം മൂലം വിഷ്ണു എന്ന യുവാവിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരനുഭവങ്ങളെയും തകർച്ചയെയുമാണ് ഈ കഥയിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്.
സ്കൂൾ പ്രഥമാധ്യാപിക എൽ.ടി. അനീഷ് ജ്യോതി, ബ്ലോക്കംഗവും പി.ടി.എ പ്രസിഡൻ്റുമായ നയന ഷമീർ എന്നിവർ ചേർന്നാണ് ചിത്രകഥയുടെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, മാതൃസംഗമം കൺവീനർ സുനിത എ, ഡെപ്യൂട്ടി എച്ച്.എം അനീഷ് ആർ.ഐ എന്നിവരും, നല്ല പാഠം കോഡിനേറ്റർമാരായ രാഹുൽ പി, റീബ ആർ എന്നിവരും ആശംസകൾ നേർന്നു. കൂടാതെ പി.ടി.എ അംഗങ്ങളായ ശാന്തിലാൽ ആർ എസ്, ഹലീൽ എം, രമ്യ, ലതി കെ.ബി എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

മനോരമ നല്ല പാഠം ക്ലബ് കോഡിനേറ്റർ കൂടിയായ സ്കൂളിലെ അധ്യാപകൻ രാഹുൽ പി. ആണ് ഋഭുവിൻ്റെ ഈ അപൂർവ്വ കഴിവ് തിരിച്ചറിഞ്ഞത്. തൻ്റെ ക്ലാസിലെ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം നടത്തുന്നതിനിടയിലാണ് ഋഭുവിൻ്റെ വരയ്ക്കാനുള്ള സവിശേഷമായ കഴിവ് ഈ അധ്യാപകൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇൻസ്ട്രക്‌ടറായ ഷാജു പ്രസീദിൻ്റെയും, തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ ടൈപ്പിസ്റ്റായ ഹൈമി കെ.എസിൻ്റെയും മകനാണ് ഈ കൊച്ചു ചിത്രകാരനായ ഋഭു നാരായണൻ.
