കൊച്ചി: കേസ് അട്ടിമറിക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ സി.ഐ രാജേഷ് കുമാർ വിജിലൻസിന്റെ പിടിയിലായി. വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് കണക്കിൽപ്പെടാത്ത 40,000 രൂപയാണ് പിടികൂടിയത്. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിലായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിജിലൻസ് സംഘം എത്തുമ്പോൾ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഒരു കേസിലെ പ്രതിയും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു.
സി.ഐ രാജേഷ്കുമാറിന് എതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങളും കർശനമായ പരിശോധനകളും ഉണ്ടാകുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.
