തിരുവനന്തപുരം: വിഴിഞ്ഞത്ത് ബന്ധുവായ ഒന്നരവയസ്സുകാരിയുടെ സ്വർണമാല മോഷ്ടിച്ച് പണയം വെക്കുകയും ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്ത രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശിയായ ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ ഒരു പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ തട്ടിയെടുത്തത്. കുഞ്ഞിന്റെ അമ്മ പള്ളിയിൽ പോയ സമയം നോക്കി വീട്ടിലെത്തിയ പതിനേഴുകാരൻ മാല കൈക്കലാക്കുകയായിരുന്നു.
മോഷ്ടിച്ച മാല പത്താം തീയതി മുക്കോലയിലുള്ള ഒരു പണയ സ്ഥാപനത്തിൽ ജിബിൻരാജിന്റെ സഹായത്തോടെ 35,000 രൂപയ്ക്ക് പണയം വെച്ചു. ഈ തുകയിൽ നിന്ന് ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്ത് ആഡംബരങ്ങൾക്കായി ചെലവഴിച്ചു. ജിബിൻരാജിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ ജിബിൻരാജ് ഇതേ സ്ഥാപനത്തിൽ തന്നെ മുൻപ് ഏഴിലധികം തവണ സ്വർണാഭരണങ്ങൾ പണയം വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ കൂടുതൽ മോഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
നിലവിൽ ജിബിൻരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന പതിനേഴുകാരനെ താല്ക്കാലികമായി വിട്ടയച്ചെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് ജുവനൈൽ കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
