മുട്ടിൽ മരംമുറി വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഈ മാസം 18-ന് കോടതിയിൽ ഹാജരാകണം

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാരോട് ഈ മാസം 18-ന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദേശം. അന്നേദിവസം കേസിലെ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിക്കും. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ കോടതി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.​

കോടതി വാറണ്ട് അയച്ചതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ്കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയെങ്കിലും ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഇന്ന് മാത്രമാണ് ഹാജരായത്. ഇതോടെ റോജി അഗസ്റ്റിനെതിരെയുള്ള ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു.​

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ, വനംവകുപ്പിന്റെ സാധുവായ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് കേസ്. ഈ കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.