കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യക്കായുള്ള തെരച്ചിൽ പത്ത് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിൽ മനംനൊന്താണ് ശിവസൂര്യ നാടുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 8) ഉച്ചയ്ക്ക് 12.45-ഓടെ സ്കൂൾ ബാഗുമായി തൊട്ടടുത്ത പൂമരം ജംഗ്ഷനിലേക്ക് അതിവേഗം നടന്നുപോകുന്നത് അയൽവാസികൾ കണ്ടിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും വിദ്യാർത്ഥിയെ കണ്ടെത്താനായിട്ടില്ല.
കാശിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ശിവസൂര്യ മൈസൂരുവിലേക്ക് കടന്നിട്ടുണ്ടാകാമെന്ന കുടുംബത്തിന്റെ സംശയത്തെത്തുടർന്ന് അന്വേഷണ സംഘം ഇപ്പോൾ മൈസൂരുവിലെത്തിയിട്ടുണ്ട്; ഇവിടെനിന്ന് സംഘം ബംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിക്കും. നേരത്തെ ചൊക്ലി പോലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി തലശ്ശേരി എ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്.
