ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം അകപ്പെടുകയായിരുന്നു. ശനിയാഴ്ച നടന്ന ഈ അപകടത്തിൽ പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃത്താല സ്വദേശിനി റംലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി ഒമാൻ അധികൃതർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിലും അൽ ബാത്തിന തീരത്തും പ്രളയം രൂക്ഷമായതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഒമാൻ ഭരണകൂടവുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നും ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു. മേഖലയിൽ ഇനിയും പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അൽ-മുസറത്ത്’ എന്ന ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ ഇപ്പോഴും കാലാവസ്ഥ അസ്ഥിരമായി തുടരുകയാണ്. വരും ദിവസങ്ങളിലും മസ്കത്ത്, വടക്കൻ-തെക്കൻ അൽ ശർഖിയ, അൽ വുസ്ത തുടങ്ങി നിരവധി ഇടങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും വെള്ളപ്പൊക്കം തുടരുന്നതിനാൽ യാത്രക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു.
