ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യവുമായാണ് തീരുവ കുറച്ചിരിക്കുന്നത്. എന്നാൽ, ഈ നടപടി ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവിന് കാരണമാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നീക്കം.
കൂടുതൽ സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി കഴിഞ്ഞ ദിവസം പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കമ്പനിയുടെ നീക്കവും ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം 6,660 ഔട്ട്‌ലെറ്റുകളുള്ള നയാര വില കൂട്ടിയെങ്കിലും മറ്റ് പൊതുമേഖലാ കമ്പനികൾ നിലവിൽ ഇന്ധന നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ, സ്വകാര്യ കമ്പനികൾ ഉൾപ്പെടെയുള്ളവർ ഇനിയും വില വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
