ചെന്നൈ: വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയുന്നതിനായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. വിദ്യാർഥി സംഘടനകളിൽനിന്നും വിവിധ ഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടി.
സർക്കാർ കോളജുകളിലെ വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ, ഉപരോധങ്ങൾ തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതിനായി കോളജ് അധികൃതർ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവിലെ പ്രധാന നിർദേശം.
ഓഗസ്റ്റ് 17-ന് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനാണ് വിവാദ നിർദേശം പുറത്തിറക്കിയത്. പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയുന്നതിനൊപ്പം ഇത്തരം സമരങ്ങളിലെ അവരുടെ പങ്കാളിത്തം നിരീക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഏകോപിച്ച് പ്രവർത്തിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും തമിഴ്നാട് കോക്രോച്ച് ജനത പാർട്ടി (CJP) നേതൃത്വം നൽകുന്ന സമരങ്ങൾക്കും ഉത്തരവിൽ പ്രത്യേക പരാമർശമുണ്ടായിരുന്നു. ഇതാണ് ഉത്തരവിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് കാരണമായത്.
വിദ്യാർഥി സംഘടനയായ എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഉത്തരവിനെതിരെ രംഗത്തെത്തി. വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളെയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്നതാണ് ഉത്തരവെന്നായിരുന്നു വിമർശനം. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ ഉത്തരവ് പിൻവലിച്ചത്.
ഉത്തരവ് പിൻവലിച്ച സർക്കാർ തീരുമാനത്തെ എസ്എഫ്ഐ സ്വാഗതം ചെയ്തു. വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ വിജയമായാണ് ഉത്തരവ് പിൻവലിച്ചതിനെ സംഘടന വിശേഷിപ്പിച്ചത്.
വിവാദ ഉത്തരവ് പിൻവലിച്ചതോടെ കോളജ് വിദ്യാർഥികളുടെ രാഷ്ട്രീയ പ്രതിഷേധങ്ങളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണം നിലവിൽ പ്രാബല്യത്തിലില്ല.
