കൊച്ചി: മാസപ്പടി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കുന്നു. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെയും സ്വത്തുക്കളുടെയും തുടർ പരിശോധനയുടെ ഭാഗമായാണ് ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിക്കുന്നത്.
മാസപ്പടി കേസിൽ സി.എം.ആർ.എൽ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയതായി കണ്ടെത്തിയ 2.78 കോടി രൂപയുടെ ഇടപാടാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ തുക യഥാർഥ ഐ.ടി. സേവനങ്ങൾക്കും കൺസൾട്ടൻസി സേവനങ്ങൾക്കുമുള്ള പ്രതിഫലമായിരുന്നോ, അതോ മറ്റേതെങ്കിലും സാമ്പത്തിക ഇടപാടിന്റെ ഭാഗമായിരുന്നോ എന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്.
സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ മൊഴി ഉൾപ്പെടെയുള്ള രേഖകൾ ഇ.ഡി വിശദമായി പരിശോധിക്കുന്നുണ്ട്. എക്സാലോജിക്കിന് നൽകിയ പണത്തിന് യഥാർഥ സേവനങ്ങളുടെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. സോഫ്റ്റ്‌വെയർ, ഇ.ആർ.പി നടപ്പാക്കൽ, കൺസൾട്ടൻസി റിപ്പോർട്ടുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകളും ഇ.ഡി പരിശോധിച്ചിട്ടുണ്ട്.
ഇതിനൊപ്പം സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയ വിവിധ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി പരിശോധിച്ചു വരികയാണ്. ലേക്കർ ഇന്ത്യ കോർപ്പിന്റെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 15,57,414 രൂപയും അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി മരവിപ്പിച്ചിരുന്നു. വീണാ തൈക്കണ്ടിയിലിന്റെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക് സൊല്യൂഷൻസിന്റെ അക്കൗണ്ടിൽ 27,585 രൂപയും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ഏകദേശം 182 കോടി രൂപയുടെ ഫണ്ട് വഴിമാറ്റിയതായി ഇ.ഡി ആരോപിക്കുന്നു. ഇതിൽ ഏകദേശം 139 കോടി രൂപ യഥാർഥ ചെലവുകൾക്ക് പിന്തുണ നൽകുന്ന രേഖകളില്ലാതെ വിവിധ ചെലവിനങ്ങളിൽ രേഖപ്പെടുത്തിയതായും 43 കോടി രൂപ വ്യാജമോ ഉയർത്തിക്കാട്ടിയതോ ആയ ഇൻവോയിസുകൾ വഴി മാറ്റിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്.
മെയ് 27ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇ.ഡി ഡിജിറ്റൽ രേഖകളും ബാങ്ക് രേഖകളും ഉൾപ്പെടെ നിരവധി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും മൊഴികൾ പരസ്പരം പരിശോധിക്കുന്ന നടപടികളും പുരോഗമിച്ചു. വീണ വിജയനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം തുടരാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും അനുമതി നൽകിയിട്ടുണ്ട്. സി.എം.ആർ.എൽ നൽകിയ അന്വേഷണവിരുദ്ധ ഹർജി കോടതി തള്ളിയതോടെ അന്വേഷണത്തിന് മുന്നോട്ടുപോകാനുള്ള നിയമതടസ്സം നീങ്ങിയിരുന്നു.
ഇ.ഡി ഏകദേശം 29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും 12 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ മരവിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ രേഖകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ. മരവിപ്പിച്ച സ്വത്തുക്കൾ സ്ഥിരമായി കണ്ടുകെട്ടുന്നതിന് മുമ്പ് ബന്ധപ്പെട്ടവർക്ക് വിശദീകരണം നൽകാനുള്ള അവസരം നൽകുന്നതിനായി കേസ് പി.എം.എൽ.എ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ പരിഗണനയിലേക്കും നീങ്ങുകയാണ്.
