ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലെറിഞ്ഞു കൊന്ന കേസ്: 13 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിലായി. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കർണാടകയിൽ നിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം പിടികൂടിയത്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് 13 വർഷത്തിന് ശേഷമാണ് നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് വലയിലാക്കിയത്.​

2013 ജൂലൈ 21-ന് അർധരാത്രി രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷരീഫിന്റെ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്കൂട്ടറിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടതാണെന്നാണ് ഷരീഫ് നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് തെളിഞ്ഞത്.​

പ്രതിയെ പിടികൂടാൻ സഹായിച്ച ഡാൻസാഫ് ടീം ഏറെ നാളായി ഷരീഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയിലെ ഒളിത്താവളത്തിൽ നിന്ന് അതിസാഹസികമായാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.