തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരനായ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് തേടി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിച്ച സാഹചര്യത്തിലാണ് നടപടി. മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലിനെ പുലർച്ചെ നാല് മണിയോടെയാണ് കിടപ്പുമുറിയിൽ വെച്ച് മൂർഖൻ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിചരണം ലഭിച്ചില്ലെന്നും, ഡോക്ടർ തൊട്ടുപോലും നോക്കിയില്ലെന്നും നഴ്സ് മാത്രമാണ് പരിശോധിച്ചതെന്നും അച്ഛൻ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് ബന്ധുക്കൾ.
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് പരാതി, ഡി.എം.ഒ റിപ്പോർട്ട് തേടി
