​ജെ.എസ്.എസ് വിട്ട് ആരും മുസ്ലിം ലീഗിൽ ചേർന്നിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: ജെ.എസ്.എസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് ജെ.എസ്.എസ് കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു. നിലവിലുള്ള ഒരു നേതാവോ പ്രവർത്തകനോ പാർട്ടി വിട്ട് മറ്റൊരു പ്രസ്ഥാനത്തിലും ചേർന്നിട്ടില്ലെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

​സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൂന്നു മാസം മുമ്പ് സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ച മുൻ ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്തും നാല് പ്രവർത്തകരും മാർച്ചിൽ തന്നെ പാർട്ടിയിൽ നിന്ന് രാജിവെച്ചതാണ്. 19/03/2026-ൽ ഇവർ പത്രസമ്മേളനം നടത്തി ഇക്കാര്യം അറിയിക്കുകയും 20/03/2026-ലെ പത്രങ്ങളിൽ അത് വാർത്തയാവുകയും ചെയ്തിരുന്നു. നിലവിൽ എല്ലയ്യത്തു ചന്ദ്രനാണ് പാർട്ടിയുടെ ഔദ്യോഗിക ജില്ലാ സെക്രട്ടറി. ഒരിക്കൽ പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ ആയ വ്യക്തിക്ക് വീണ്ടും അതേ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ കഴിയില്ലെന്നിരിക്കെ, സുധാകരൻ പള്ളത്ത് സ്വയം ജില്ലാ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.​

വിവിധ കാലഘട്ടങ്ങളിൽ ആർ.എസ്.പി, ജനതാദൾ തുടങ്ങിയ പാർട്ടികളിൽ മാറി മാറി പ്രവർത്തിച്ച സുധാകരൻ പള്ളത്തിന്റെ രാഷ്ട്രീയ നിലപാടില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ ഈ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്തായ ഇദ്ദേഹത്തിന് ജെ.എസ്.എസുമായി നിലവിൽ യാതൊരു ബന്ധവുമില്ല. ഇത്തരം വ്യാജ വാർത്തകൾ തിരിച്ചറിയണമെന്ന് പാർട്ടി അണികളോടും പൊതുജനങ്ങളോടും ഭാരവാഹികൾ അഭ്യർത്ഥിച്ചു.​

പത്രസമ്മേളനത്തിൽ ജെ.എസ്.എസ് കൊല്ലം ജില്ലാ സെക്രട്ടറി എല്ലയ്യത്തു ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് സുനിൽ ദത്ത്, ഭാരവാഹികളായ ഹരി പട്ടാഴി, എൻ. ബാഹുലേയൻ, നീലികുളം സിബു, വേലായുധൻ, അനിൽകുമാർ, എലിസബത്ത്, തുളസി തുടങ്ങിയവർ പങ്കെടുത്തു.