കേരളത്തിന്റെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. 140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിനായി ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. എട്ടേകാലോടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
മുന്നണികളെല്ലാം തന്നെ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമല്ലെങ്കിലും, ഗ്രൗണ്ട് റിപ്പോർട്ടുകൾ തങ്ങൾക്ക് അനുകൂലമാണെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നുമുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. എന്നാൽ, പുറത്തുവന്ന ഒട്ടുമിക്ക പ്രവചനങ്ങളിലും മുന്നിലെത്താൻ കഴിഞ്ഞത് യുഡിഎഫിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ജനവിധി തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. അതേസമയം, ശക്തമായ പോരാട്ടം നടന്ന ചുരുങ്ങിയത് രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.
