കേരളം ആര് ഭരിക്കും? വിധിയെഴുത്ത് നാളെ; ആകാംക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് നാളെ വോട്ടെണ്ണൽ നടക്കും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായി 15,000 ഓളം ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളായിരിക്കും എണ്ണുക. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ വിധിയെഴുത്തിൽ മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്.​

ഭരണമാറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. 85-ൽ അധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യുഡിഎഫ്, തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. ഏത് സാഹചര്യത്തിലും 80 സീറ്റുകൾക്ക് മുകളിൽ ലഭിക്കുമെന്നാണ് പ്രതിപക്ഷ നിരയുടെ ഉറച്ച പ്രതീക്ഷ.​

മറുഭാഗത്ത്, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എൽഡിഎഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു. 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം, ബിജെപിയെ സംബന്ധിച്ച് നേമം, കഴക്കൂട്ടം മണ്ഡലങ്ങൾ ഏറെ നിർണ്ണായകമാണ്. ഈ സീറ്റുകൾക്ക് പുറമെ മറ്റു ചിലയിടങ്ങളിൽ അട്ടിമറി വിജയം കൂടി നേടിയാൽ കുറഞ്ഞത് രണ്ട് സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.