മുംബൈ: 2026-ലെ വനിതാ ടി20 ലോകകപ്പിനും തുടർന്നുണ്ടാകുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവത്വവും ഒരുപോലെ ഒത്തുചേരുന്ന ശക്തമായ ടീമിനെ ഹർമൻപ്രീത് കൗർ തന്നെ വീണ്ടും നയിക്കും. ശനിയാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മുഖ്യ പരിശീലകൻ അമോൽ മുസുംദാർ, സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ അമിത ശർമ്മ, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ടീമിലെ ബാറ്റിംഗ് നിരയിൽ സ്മൃതി മന്ധാന, ഷെഫാലി വർമ്മ, ജെമിമ റോഡ്രിഗ്സ് എന്നിവർ കരുത്തുപകരുമ്പോൾ, വിക്കറ്റ് കീപ്പർമാരായി റിച്ച ഘോഷും യസ്തിക ഭാട്ടിയയും ടീമിലിടം നേടി. നന്ദിനി ശർമ്മ, ക്രാന്തി ഗൗഡ്, രാധ യാദവ്, ശ്രേയങ്ക പട്ടീൽ, അരുന്ധതി റെഡ്ഡി, ദീപ്തി ശർമ്മ തുടങ്ങിയവർ ഓൾറൗണ്ട് മികവുമായി ടീമിലുണ്ട്. പേസ് ബൗളിംഗ് നിരയെ രേണുക സിംഗ് നയിക്കും. അനുഷ്ക ശർമ്മ, ശ്രീ ചരണി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാമ്പ്.
ഇന്ത്യൻ ടീം അംഗങ്ങൾ:ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന, ഷെഫാലി വർമ്മ, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, ക്രാന്തി ഗൗഡ്, രാധ യാദവ്, ജെമിമ റോഡ്രിഗ്സ്, രേണുക സിംഗ്, ശ്രേയങ്ക പട്ടീൽ, ശ്രീ ചരണി, അരുന്ധതി റെഡ്ഡി, അനുഷ്ക ശർമ്മ, ദീപ്തി ശർമ്മ.
