തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് നാളെ വോട്ടെണ്ണൽ നടക്കും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായി 15,000 ഓളം ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളായിരിക്കും എണ്ണുക. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ വിധിയെഴുത്തിൽ മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്.
ഭരണമാറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. 85-ൽ അധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യുഡിഎഫ്, തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. ഏത് സാഹചര്യത്തിലും 80 സീറ്റുകൾക്ക് മുകളിൽ ലഭിക്കുമെന്നാണ് പ്രതിപക്ഷ നിരയുടെ ഉറച്ച പ്രതീക്ഷ.
മറുഭാഗത്ത്, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എൽഡിഎഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു. 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം, ബിജെപിയെ സംബന്ധിച്ച് നേമം, കഴക്കൂട്ടം മണ്ഡലങ്ങൾ ഏറെ നിർണ്ണായകമാണ്. ഈ സീറ്റുകൾക്ക് പുറമെ മറ്റു ചിലയിടങ്ങളിൽ അട്ടിമറി വിജയം കൂടി നേടിയാൽ കുറഞ്ഞത് രണ്ട് സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.
