കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ സംസ്ഥാനത്തെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന കാര്യത്തിൽ വ്യക്തമായ ചിത്രം തെളിയും. ഫലം തത്സമയം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ പാർട്ടി ആസ്ഥാനങ്ങളിൽ എൽ.ഇ.ഡി വാളുകൾ ഉൾപ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ പുരോഗമിക്കവെ കളമശേരി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ലെന്ന വാർത്താ പുറത്തുവരുന്നത് നേരിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ താക്കോലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളയുന്ന എൽ.ഡി.എഫ്, നേരിയ ഭൂരിപക്ഷത്തോടെ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ ഇത്തവണ നിർണ്ണായക ശക്തിയായി മാറാൻ കഴിയുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.
പ്രമുഖ നേതാക്കളെല്ലാം വോട്ടെണ്ണൽ ഫലം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ വസതിയിലിരുന്നാണ് ഫലങ്ങൾ വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും കെ.പി.സി.സി അധ്യക്ഷൻ പാർട്ടി ആസ്ഥാനത്തും എത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ എ.കെ.ജി സെന്ററിലും, രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മാരാർജി ഭവനിലുമാണ് ഫലം അറിയാൻ കാത്തിരിക്കുന്നത്.
